കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയിൽ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സി.എസ് സുധയുടെയും ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ ഹർജിയിൽ വിവാഹ മോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെയാണ്. ക്രൂരത എന്ന് പറയുന്നത് ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്ന്, വിവിധ വിധിന്യായങ്ങൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
2019 ജനുവരിയിലാണ് കേസിൽ ഉൾപ്പെട്ട ദമ്പതികളുടെ വിവാഹം നടന്നത്. എന്നാൽ, പത്തു മാസത്തിനകം തന്നെ ഭാര്യ വിവാഹ മോചനം തേടി കോടതിയെ സമീപിപ്പിക്കുകയായിരുന്നു. മുൻകോപിയായ ഭർത്താവ് എപ്പോഴും ദേഷ്യപ്പെടുന്ന ആളാണെന്നും നിസ്സാര കാര്യങ്ങൾക്കു പോലും ഭർത്താവ് വഴക്കിടുമെന്നും പലപ്പോഴും ഇത് ശാരീരിക അക്രമത്തിൽ എത്തുമെന്നും ഭാര്യ ഹർജിയിൽ പറയുന്നു. വീട്ടിൽ എല്ലാവരെയും മർദ്ദിക്കുമെന്നും തന്നെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി താഴ്ത്തിപ്പറയുന്നത് പതിവാണെന്നും ഭാര്യ കോടതിയിൽ പറഞ്ഞു.
ക്രൂരത എന്നതിന് സമഗ്രമായ ഒരു നിർവചനം സാധ്യമല്ലെന്ന്, ഇക്കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാലത്തിനും സാമൂഹ്യ മാറ്റങ്ങൾക്കും ജീവിത നിലവാരത്തിനും അനുസരിച്ച് ക്രൂരതയുടെ നിർവചനം മാറിക്കൊണ്ടിരിക്കും. നിരന്തരമായ അധിക്ഷേപം, ലൈംഗിക ബന്ധം നിഷേധിക്കൽ, അവഗണിക്കൽ, അകൽച്ചയോടെയുള്ള പെരുമാറ്റം, ചാരിത്ര്യശുദ്ധിയില്ലെന്നു വരുത്തിത്തീർക്കൽ തുടങ്ങിയവയെല്ലാം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments