ഡൽഹി: കോവിഡിനെതിരായി ഇൻട്രാ നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്‌സിൻ) മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായി. കോവാക്‌സിന്റേയോ കൊവിഷീൽഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായാകും ഈ വാക്‌സിൻ നൽകുക. ഭാരത് ബയോടെക്ക് നിർമ്മിച്ച ബി.ബി.വി 154 എന്ന വാക്‌സിന് ജനുവരിയിലാണ് കേന്ദ്രസർക്കാർ പരീക്ഷണാനുമതി ലഭിച്ചത് .
രണ്ട് ഡോസ് വാക്‌സിനേഷനും പൂർത്തിയായി അഞ്ച് മുതൽ ഏഴ് മാസം വരെ കഴിഞ്ഞവർക്കും 18 വയസ് പൂർത്തിയായവർക്കുമായിരിക്കും വാക്‌സിൻ നൽകുക. രാജ്യത്തെ ഒൻപത് ഇടങ്ങളിലാണ് ഇൻട്രാ നേസൽ വാക്‌സിന്റെ പരീക്ഷണം നടന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
കോവിഡ് വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെ ആയതിനാൽ മൂക്കിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുന്ന വാക്‌സിന് കൂടുതൽ പ്രതിരോധ ശേഷിയുണ്ടാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ അവകാശപ്പെടുന്നു. രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്ക്. നിലവിൽ കൊവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്‌സിനുകൾക്ക് ശീയ റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
Post Your Comments