വണ്ണപ്പുറം: പട്ടയക്കുടിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. കുമ്മംകല്ല് പാമ്പ്തൂക്കിമാക്കൽ നിസാറി(39)നെയാണ് കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആയത്തുപാടത്ത് വിൻസന്റിന്റെ ഭാര്യ ആനീസിന്റെ മാലയാണ് ഇയാൾ പൊട്ടിച്ചുകൊണ്ട് കടന്നത്. വാഴക്കുളത്ത് താമസിക്കുന്ന പ്രതി കഴിഞ്ഞ ദിവസം കോതമംഗലത്തു നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പട്ടയക്കുടിയിലെത്തിയത്. മഴയത്ത് തലയിൽ ചൂടാൻ പ്ലാസ്റ്റിക് കവർ ചോദിച്ച് റോഡരികിലെ വീട്ടിലെത്തുകയും ആനീസിന്റെ മാല പൊട്ടിച്ചുകൊണ്ടു കടന്നുകളയുകയുമായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ ഒരു ഭാഗമാണ് മോഷ്ടാവിന് കിട്ടിയത്. സിസിടിവി ദൃശ്യങ്ങളും ഫോണ് ലോക്കേഷനും വഴി പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.
കാളിയർ സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ എസ്ഐ കെ.ജെ. ജോബി, എസ്സിപിഒ ഷാനവാസ്, സിപിഒമാരായ അനീഷ് സത്താർ, ഷാഹിദ് ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments