കൊച്ചി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തുമ്പോൾ ആശംസകളുമായി എം.എ ബേബി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസ്സ് തികയുന്ന ഈ ദിനം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറയുന്നു. ഏതെങ്കിലുമൊരാളോ ഒരു സംഘടനയോ ഒരു മതവിഭാഗത്തിലുള്ളവരോ ഒരു ജാതിക്കാരോ നേടിത്തന്നതല്ല ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും, ഇന്ത്യയെ ഒരു കോളണിയാക്കി വച്ച് മാരകമായ ചൂഷണത്തിന് വിധേയമാക്കിയ ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും നൂറ്റാണ്ടുകളായി നടത്തിയ സമരത്തിൻറെ ഫലമാണ് വിലപ്പെട്ട ഈ സ്വാതന്ത്ര്യമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസ്സ് തികയുന്ന ഈ ദിനം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഒരാളോ ഒരു സംഘടനയോ ഒരു മതവിഭാഗത്തിലുള്ളവരോ ഒരു ജാതിക്കാരോ നേടിത്തന്നതല്ല ഇന്ത്യയുടെ സ്വാതന്ത്ര്യം. ഇന്ത്യയെ ഒരു കോളണിയാക്കി വച്ച് മാരകമായ ചൂഷണത്തിന് വിധേയമാക്കിയ ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും നൂറ്റാണ്ടുകളായി നടത്തിയ സമരത്തിൻറെ ഫലമാണ് വിലപ്പെട്ട ഈ സ്വാതന്ത്ര്യം. ഈ ദിനത്തിൽ മഹത്തായ ഈ ജനതയെ വേണം നാം അനുസ്മരിക്കാൻ. അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്നത് നമ്മൾ ഓർക്കണം.
ഈ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട് എന്നതും നമ്മൾ ഓർക്കണം.
സ്വാതന്ത്ര്യസമരത്തിൽ വിവിധ ധാരകൾ ഉണ്ടായിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെ വിവിധ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ലിബറലുകളും ഒക്കെ സ്വാതന്ത്ര്യത്തിനായി പൊരുതി. ആകെ ആർഎസ്എസുകാർ മാത്രമാണ് സ്ഥിരമായി സ്വാതന്ത്ര്യസമരത്തിന് എതിരെ നിന്നത്. മുസ്ലിങ്ങളെ ഒതുക്കാൻ ബ്രിട്ടീഷുകാരുടെ കൂടെ നില്ക്കുന്നതാണ് നല്ലത് എന്ന് അവർ കരുതി. സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്ന മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നിട്ടാണ് ഹിന്ദുത്വ വർഗീയവാദികൾ അവരുടെ ബ്രിട്ടീഷ് കൂറ് പൂർത്തിയാക്കിയത്. ഇന്ത്യയുടെ ദൗർഭാഗ്യത്തിന് ഇന്ന് രാജ്യഭരണത്തിൻറെ താക്കോൽ ആർഎസ്എസുകാരുടെ കയ്യിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം സൃഷ്ടിച്ച ആധുനിക മൂല്യങ്ങളെ ഒന്നൊന്നായി അവർ തച്ചുതകർക്കുകയാണ്. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ തന്നെ തകർക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം വാർഷികം ഈ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുക്കാനുള്ളതാണ്.
Post Your Comments