കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്കരണ പദ്ധതി നിർമ്മിക്കാനൊരുങ്ങുന്ന റാംബയോളജിക്കൽസ് എന്ന കൺസൾട്ടൻസിയെ തെരഞ്ഞെടുത്തത് നിയമവിരുദ്ധമെന്നാണ് ഓഡിറ്റിംഗിലെ കണ്ടെത്തൽ. റാം ബയോളജിക്കൽസിനേക്കാൾ കാൽക്കോടി രൂപ കുറച്ചു കാണിച്ച മറ്റൊരു കമ്പനിയെ ഒഴിവാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഓഡിറ്റിംഗിൽ കണ്ടെത്തി.
പ്ലാന്‍റിന്‍റെ പദ്ധതി രേഖ, കൺസൾട്ടൻസി കരാർ, ടെഡർ നടപടികൾ എന്നിവയിലെല്ലാം ക്രമക്കേട് നടന്നെന്ന് 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമ്മാണ ചുമതല ഏല്‍പ്പിച്ചത് റാം ബയോളജിക്കൾസ് എന്ന കമ്പനിക്കാണ്. കണ്‍സള്‍ട്ടന്‍സിയെ ഇ – ടെണ്ടറോ ഓപ്പണ്‍ടെണ്ടറോ ആയി തെരഞ്ഞെടുക്കേണ്ടതിന് പകരം ശുചിത്വമിഷന്‍ എംപാനല്‍ പട്ടികയില്‍നിന്ന് തെരഞ്ഞെടുത്തത് നിയമ വിരുദ്ധമാണ്.
പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ കരാർ കമ്പനിക്ക് അവസാന ഗഡുവായ 10 ശതമാനം തുക നൽകാറുളളൂ.
എന്നാല്‍, ഇതിന് വിരുദ്ധമായാണ് റാം ബയോളജിക്കല്‍സിന് തുക കൈമാറിയിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ പ്രവൃത്തി സ്ഥലം കൈമാറിയതിന്റെ രേഖകളും ഇല്ല. റാം ബയോളജിക്കൽസിനേക്കാൾ 25,27,452 രൂപ കുറച്ച് എസ്റ്റിമേറ്റ് വയ്ക്കാമെന്ന് പറഞ്ഞ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമല്ലെന്നും ഓഡിറ്റ് റിപ്പോട്ടിലുണ്ട്.
Leave a Comment