ഗുജറാത്ത്: വഡോദരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 16 ആയി. 14 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് അപകടത്തിൽ മരിച്ചത്. ജാക്കറ്റടക്കം സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനകം നൽകാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, യാത്ര ബോട്ട് ഡ്രൈവറെയും മാനേജറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പരമാവധി 14 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിൽ 30-ലേറെ പേരെ കയറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തിൽ എത്തിയത്. വഡോദരയുടെ പ്രാന്ത പ്രദേശമായ ഹർനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ, അനധികൃത സർവീസുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ വഡോദര മുൻസിപ്പൽ കോർപ്പറേഷന്റെ മുന്നിൽ വന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments