Independence DayKeralaCinemaMollywoodLatest NewsNewsEntertainment

സുരേഷ് ഗോപിയും മോഹൻലാലും തുടക്കമിട്ടു: പിന്നാലെ വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മമ്മൂട്ടി. കൊച്ചിയിലെ വീട്ടിൽ മമ്മൂട്ടി ദേശീയ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.

നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും ആണ് ദേശീയ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചത്. സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലും, മോഹൻലാൽ എറണാകുളം എളമക്കരയിലെ വസതിയിലും ആണ് ദേശീയ പതാക ഉയർത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയും ‘ഹർ ഘർ തിരംഗ’യുടെ ഭാഗമാവുകയായിരുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും, ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാൽ പതാക ഉയർത്തിയതിന് ശേഷം പറഞ്ഞു. അഭിമാനത്തോടെ പങ്കുചേരുന്നു എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഓരോ വീടുകൾക്ക് മുന്നിലും പതാക ഉയരുന്നത് രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുമെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചു.

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button