യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ ആര്‍എസ്എസ് ഗണഗീതം: വിവാദമായപ്പോൾ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസ് ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. ഡിസിസി സംഘടിപ്പിച്ച നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ റാലി. യൂത്ത് കോണ്‍ഗ്രസ് റാലിയുടെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്നായിരുന്നു റെക്കോര്‍ഡ് ചെയ്ത ഗണഗീതം വന്നത്.

റാലിയുടെ മുന്‍നിരയിലായിരുന്നു അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് ‘കൂരിരുള്‍ വീണ്ടും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും’ എന്നു തുടങ്ങുന്ന ഗണഗീതം കേള്‍പ്പിക്കുകയായിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ പാട്ട് റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ചൊവ്വാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കരയില്‍ ഡിസിസി നവസങ്കല്‍പ് യാത്ര നടത്തിയത്.

സ്വകാര്യ സ്റ്റുഡിയോയില്‍ നല്‍കിയായിരുന്നു റാലിയിലെ അനൗണ്‍സ്‌മെന്റ് അറിയിപ്പ് റെക്കോര്‍ഡ് ചെയ്തത് എന്നും അങ്ങനെ സംഭവിച്ചതാവാമെന്നുമാണ് ഇവരുടെ വാദം. ഗാനം റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് അറിയില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീനോ അലക്‌സ് പറഞ്ഞു. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Share
Leave a Comment