
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമതും പ്രധാനമന്ത്രി ആകാൻ കഴിയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാകില്ലെന്നും, 2014കാരൻ 2024ൽ പ്രധാനമന്ത്രി ആകാൻ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പ്രസ്താവന. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താനില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. വിശാല സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കില്ല എന്ന ബി.ജെ.പിയുടെ വിമർശനത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്യുന്നു. 2015ൽ എവിടെയായിരുന്നോ അവിടേക്ക് ബി.ജെ.പി തിരിച്ചെത്തുമെന്ന് പരിഹസിച്ച നിതീഷ് കുമാർ, ബി.ജെ.പി തന്നെ അടിച്ചമർത്താൻ ശ്രമിച്ചെന്നും ആരോപിച്ചു.
അതേസമയം, ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. വിശാല സഖ്യ സര്‍ക്കാരിലെ 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. വകുപ്പുകളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments