ന്യൂഡൽഹി: ഡൽഹിയിലെ ഏക അഫ്ഗാൻ സ്‌കൂളായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്‌കൂൾ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ സർക്കാർ തകർന്നതോടെ അടച്ചുപൂട്ടിയ സ്‌കൂളിന് ഒരു വർഷത്തിനുശേഷം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാം ജന്മം നൽകുകയാണ്. ഡൽഹിയിലെ ജംഗ്പുരയിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ അഭയാർത്ഥികൾക്കായുള്ള സ്കൂളിന് സാമ്പത്തിക സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ സ്കൂൾ 1994-ൽ ലാജ്പത് നഗറിൽ സ്ഥാപിതമായി. 32 അഫ്ഗാൻ അധ്യാപകരാണ് ഇവിടെയുള്ളത്. അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ഡൽഹിയിലെ എംബസി വഴിയാണ് സ്കൂളിന് ഫണ്ട് ലഭിച്ചിരുന്നത്. പക്ഷെ, കോവിഡ് പാൻഡെമിക്, അഫ്‌ഗാനിസ്ഥാൻ സർക്കാറിന്റെ തകർച്ച എന്നിവ കാരണം ഫണ്ടിന്റെ രൂക്ഷമായ ക്ഷാമം നേരിട്ടു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം സ്‌കൂൾ ഫണ്ടിനായി പാടുപെടുകയായിരുന്നു.
I thank @MEAIndia for providing the much-needed assistance to the only Afghan school in India. The Syed Jamaluddin Afghan School in Delhi’s Bhogal, is the only educational resource for Afghan refugees and will now continue to operate as usual. The 400 students received a..1/2 pic.twitter.com/a81VAUmAEG
— Farid Mamundzay फरीद मामुन्दजई فرید ماموندزی (@FMamundzay) December 4, 2021
കോവിഡ് പാൻഡെമിക്കിന്റെ തുടക്കം മുതൽ സ്കൂൾ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് അഫ്ഗാൻ സർക്കാർ നിലംപതിച്ച്, താലിബാൻ രാജ്യം ഭരിക്കാൻ തുടങ്ങിയത്. ഇതോടെ സാമ്പത്തിക പ്രശ്നം രൂക്ഷമായി. അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ശമ്പളം നൽകാൻ സ്കൂളിന് പണമില്ലായിരുന്നു. നിരവധി വെല്ലുവിളികൾ ആയിരുന്നു ഇവർ നേരിട്ടത്. അഫ്ഗാനിസ്ഥാനിൽ സർക്കാർ തകർന്നതോടെ ബോർഡ് അംഗങ്ങളും ജീവനക്കാരും നിരാശരായതിനാൽ സ്കൂൾ കെട്ടിടം വിട്ടുനൽകാൻ നിർബന്ധിതരാവുകയായിരുന്നു.
10 മാസമായി സ്‌കൂളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതായും ചില ഭരണസമിതി അംഗങ്ങൾ അടിസ്ഥാന ചെലവുകൾക്കായി സ്വത്തുക്കൾ വിറ്റതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയം രക്ഷാപ്രവർത്തനം നടത്തുകയും ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിന് സ്‌കൂളിന് പുതിയ സ്ഥലം കണ്ടെത്താൻ ബോർഡ് അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തത്. വാടക, അധ്യാപകരുടെ ശമ്പളം, ഭരണച്ചെലവ് മുതലായ മറ്റ് ചെലവുകളും നോക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
നരേന്ദ്ര മോദി സർക്കാരിൽ നിന്നുള്ള പിന്തുണയും ധനസഹായവും പിന്തുടർന്ന്, സ്കൂൾ അധികൃതർ ഇപ്പോൾ പുതിയ പഠന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ തിരക്കിലാണ്. നിരവധി അഭയാർത്ഥി കുടുംബങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിന് പിന്നാലെ, സ്‌കൂളിൽ ഇപ്പോൾ കുട്ടികൾ കുറവാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി പാഠ്യേതര ക്ലബ്ബുകളും സ്കൂൾ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂൾ അംഗങ്ങൾ സ്‌കൂൾ പരിസരത്ത് അന്താരാഷ്ട്ര വനിതാദിനവും അടുത്തിടെ ആഘോഷിച്ചു.
Post Your Comments