വടകര: വടകര പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സജീവന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് സ്റ്റേഷനിലെ ശാരീരിക മാനസിക പീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സാക്ഷിമൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സജീവനെ മര്‍ദ്ദിച്ചത് എസ്.ഐ നിജീഷും സി.പി.ഒ പ്രജീഷുമെന്ന് സ്ഥിരീകരിച്ചതുള്‍പ്പടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇവർ ഒളിവില്‍ ആണ്.
ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരുടെയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Post Your Comments