ന്യൂഡൽഹി: ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിനെതിരെ ബി.ജെ.പിയെ വിമർശിക്കുന്നതിനിടെ കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ അജ്മൽ. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുകയാണെന്നും, അടുക്കളയിലെ കാര്യങ്ങൾ എങ്ങനെയാണ് നടന്ന് പോകുന്നതെന്ന് നേതാക്കൾ ഭാര്യമാരോട് ചോദിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്.
ബി.ജെ.പിക്കെതിരെയുള്ള വിമർശനത്തിനിടെ സ്ത്രീവിരുദ്ധത പറഞ്ഞ് പുലിവാൽ പിടിച്ചിരിക്കുകയാണ് നേതാവ്. സ്ത്രീകള്‍ക്ക് മാത്രം അറിയാവുന്ന, അല്ലെങ്കില്‍ അവര്‍ മാത്രം അറിഞ്ഞിരിക്കേണ്ട ഒന്നാണ് അടുക്കളയിലെ പ്രശ്നങ്ങള്‍ എന്ന തരത്തിലുള്ള തീർത്തും സ്ത്രീവിരുദ്ധ പരാമർശമാണ് അജ്മൽ തന്റെ പ്രസ്താവനയിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.
‘മന്ത്രിമാര്‍ക്ക് വിലക്കയറ്റമൊന്നുമില്ല, ബി.ജെ.പി എം.പിമാര്‍ അവരുടെ ഭാര്യമാരോട് ചോദിക്കണം അവരുടെ അടുക്കള എങ്ങനെ നടത്തിക്കൊണ്ട്പോകുന്നു എന്ന്. സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ 2024ല്‍ വിലക്കയറ്റം അവരുടെ സര്‍ക്കാരിനെ തന്നെ വിഴുങ്ങും’, എന്നായിരുന്നു എ.ഐ.യു.ഡി.എഫ് പറഞ്ഞത്.
ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെയും അദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ’രാജ്യത്തിന്റെ പണം മുഴുവന്‍ ധനകാര്യമന്ത്രിയുടെ കയ്യിലാണ്, അവര്‍ക്കെങ്ങനെ അറിയാനാവും ഒരു സാധാരണക്കാരന് സാധനങ്ങള്‍ വാങ്ങാന്‍ എത്ര പണം ചിലവാകുമെന്ന്’, അജ്മല്‍ പറഞ്ഞു. വിലക്കയറ്റം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സർക്കാരിന് ഒന്നും അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments