മുംബൈ: മഹാരാഷ്‌ട്രയിൽ ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്‌ക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ഉദ്ധവ് പക്ഷത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി. ശിവസേനയുടെ കോട്ടയായ ഔറംഗാബാദിലെ 15 ഗ്രാമപഞ്ചായത്തുകളിൽ 10 എണ്ണവും വിജയിച്ച് ഷിൻഡെ പക്ഷം കരുത്തുകാട്ടി.
അതേസമയം പൂനെ ജില്ലയിൽ 19 ഗ്രാമപഞ്ചായത്തുകളിൽ 11ലും എൻസിപി വിജയിച്ചു. ഫലത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനും പാർട്ടി പ്രവർത്തകർക്കും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കും നന്ദി പറഞ്ഞു. ‘ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ബിജെപിയാണ് ഒന്നാം നമ്പർ പാർട്ടി! സംസ്ഥാനത്തെ വോട്ടർമാർ മുഖ്യമന്ത്രി ഏകനാഥറാവു ഷിൻഡെയുടെ നേതൃത്വത്തിൽ ബിജെപിക്കും ശിവസേനയ്‌ക്കും വൻ വിജയം ഉറപ്പാക്കി. വളരെ നന്ദി! ബിജെപി സംസ്ഥാന അധ്യക്ഷന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദേവേന്ദ്ര ഫഡ്നാവിസ് ട്വറ്ററിൽ കുറിച്ചു.
62 താലൂക്കുകളിലായി ആകെ 271 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാസിക് (40), ധൂലെ (52), ജൽഗാവ് (24), അഹമ്മദ്നഗർ (15), പൂനെ (19), സോലാപൂർ (25), സത്താറ (10), സാംഗ്ലി (1), ഔറംഗബാദ് (16), ജൽന (28), ബീഡ് (13), ലാത്തൂർ (9), ഒസ്മാനാബാദ് (11), പർഭാനി (3), ബുൽധാന (5) എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ചത്തെ വോട്ടെടുപ്പ്.
Post Your Comments