KeralaLatest NewsNews

രണ്ടു ലക്ഷം ദേശീയപതാക കുടുംബശ്രീ വഴി ഉയരെപ്പറക്കും 

 

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഓഫീസുകളിലും ദേശീയപതാക ഉയർത്തുന്നതിനായി കുടുംബശ്രീ ജില്ലയിൽ രണ്ടുലക്ഷം പതാക തയാറാക്കും. കുടുംബശ്രീ വഴി തയാറാക്കുന്ന ദേശീയപതാക ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലെ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികൾക്കു സ്‌കൂളുകൾ വഴിയും വിദ്യാർത്ഥികളില്ലാത്ത വീടുകളിൽ കുടുംബശ്രീ അംഗങ്ങൾ വഴിയും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറായ ബിനു ജോൺ പറഞ്ഞു.

 

ജില്ലയിൽ 30X20 ഇഞ്ച് അളവിലുള്ള പതാകയാണ് വിതരണം ചെയ്യുക. 30 രൂപയാണ് വില. ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും കുടുംബശ്രീ വഴി ദേശീയപതാക എത്തിക്കും. വിദ്യാർത്ഥികളുടെ കൃത്യ എണ്ണം ലഭ്യമാക്കാൻ സ്‌കൂൾ അധികൃതർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 32 തയ്യൽ യൂണിറ്റുകളാണ് പതാക നിർമ്മിച്ച് വിതരണം ചെയ്യുക. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള കിടങ്ങൂർ അപ്പാരൽ പാർക്ക് കോമൺ ഫെസിലിറ്റി സെന്റർ മുഖേന തയ്യൽ യൂണിറ്റുകൾക്കുള്ള വസ്തുക്കൾ വാങ്ങി നൽകിയാണ് പതാക നിർമ്മിക്കുന്നത്.

 

ജില്ലയിലെ 11 ബ്ലോക്കുകളിലായി വിവിധ യൂണിറ്റുകൾ തയ്ക്കുന്ന പതാക കുടുംബശ്രീ ജില്ലാമിഷൻ മുഖേനെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സ്‌കൂളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെത്തിക്കും. ദേശീയ പതാക ആവശ്യമുള്ള സ്ഥാപനങ്ങളുടേയും വീടുകളുടേയും പട്ടിക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ മുഖേന കുടുംബശ്രീ ജില്ലാ മിഷനിൽ അറിയിക്കും. ഇതനുസരിച്ച് പതാക എത്തിക്കും. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

 

‘ഹർ ഘർ തിരംഗ’ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന ജില്ലാതല യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ആർ.ഡി.ഡി. എം. സന്തോഷ് കുമാർ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറായ ബിനു ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, എ.ഡി.സി ജനറൽ ജി. അനീസ്, കുടുംബശ്രീ ഡി.പി.എം. പ്രശാന്ത് ശിവൻ, വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് ചിത്ര മഹാദേവൻ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button