Latest NewsKeralaNews

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി

 

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. സംസ്ഥാനത്തെ ഏതാനും സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

നിക്ഷേപം തിരിച്ചു നൽകുവാൻ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഈ സ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കർമ്മപരിപാടിയാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപം തിരിച്ചു നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തന ക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൃത്യമായ വ്യവസ്ഥകളോടെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 

പ്രതിസന്ധിയിൽപ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. അഭിലഷണീയ  പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമ ഭേദഗതി സമഗ്ര നിയമത്തിൽ ഉൾപ്പെടുത്തും.

 

പ്രതിസന്ധിയിൽപ്പെട്ട സംഘങ്ങളെ സർക്കാർ ഇടപെട്ട് കൃത്യമായ രൂപരേഖ തയ്യാറാക്കി മികവുറ്റ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുക. ഇതിനായാണ് സഞ്ചിത നിധി രൂപീകരിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള ഡിപ്പോസിറ്റ് ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തി പ്രതിസന്ധിയിൽപ്പെട്ട സഹകരണ ബാങ്കുകളെ സഹായിക്കുകയും ചെയ്യും. ഭാവിയിൽ കേരളത്തിലെ ഒരു സഹകരണ സ്ഥാപനവും തകർച്ചയിലേക്ക് വഴുതിപ്പോകാത്ത തരത്തിലുള്ള വ്യവസ്ഥകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സഹകരണ നിയമത്തിലും, ചട്ടത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തും. സഹകരണ മേഖലയിലെ നിക്ഷേപവും, നിക്ഷേപകരുടെയും സഹകാരികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത പൂർണ്ണമായും സർക്കാർ ഉറപ്പുവരുത്തും.

 

കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപ തുക തിരികെ നൽകുന്നതിനും ഇപ്പോൾ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ബാക്കി നിൽക്കുന്ന നിക്ഷേപം കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നൽകാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകുന്നതിനായി 35 കോടി അടിയന്തിരമായി കരുവന്നൂർ ബാങ്കിന് നൽകും. കരുവന്നൂർ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വർണ്ണവും മറ്റു ബാധ്യതകളിൽ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നൽകുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്.

 

കരുവന്നൂർ ബാങ്കിൽ ആകെ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. സംഘത്തിന് വായ്പാ ബാക്കി നിൽപ്പ് 368 കോടി രൂപയും, പലിശ ലഭിക്കാനുള്ളത് ബാക്കി നിൽപ്പ് 108.03 കോടി രൂപയുമാണ്. ഇപ്രകാരം 476 കോടി രൂപ സംഘത്തിന് ഈ ഇനത്തിൽ പിരിഞ്ഞു കിട്ടാനുണ്ട്. സംഘത്തിന് വായ്പാ ഇനത്തിൽ പിരിഞ്ഞു കിട്ടേണ്ട തുകകൾ ഈടാക്കി എടുക്കുന്നതിനായി 217 ആർബിട്രേഷൻ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

 

കുറഞ്ഞത് 500 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംഭരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നിക്ഷേപകർക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് നിക്ഷേപ ഗ്യാരന്റി ബോർഡിലൂടെ ലഭ്യമാക്കുന്നത്. സംഘം ലിക്വിഡേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിൽ തുക നൽകുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രതിസന്ധി ഘട്ടങ്ങളിൽ 5 ലക്ഷം രൂപവരെയുള്ള നിക്ഷേപം നിക്ഷേപകർക്ക് തിരികെ ലഭ്യമാക്കുന്ന തരത്തിൽ നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button