കൊല്ലം: കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ ജിത്തു എന്ന സിജു (19), കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ ജിജി ഭവനത്തിൽ ആദർശ് (19), പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
കൊല്ലം സിറ്റി പരിധിയിൽ നിന്ന് മാത്രം ഇരുപതിലധികം ഇരുചക്ര വാഹനങ്ങൾ ഇവർ മോഷ്ടിച്ചെടുത്തതായി വിവരം ലഭിച്ചു. ന്യുജൻ ഇനത്തിൽപ്പെട്ട ആഡംബര ബൈക്കുകൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മോഷണം നടത്തി വന്നത്. വളരെ വിദഗ്ധമായി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്കൂട്ടറുകളും കുറച്ചു നാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുമൂട് ഭാഗത്തുള്ള ആക്രിക്കടയിൽ വിൽക്കുന്നതായിരുന്നു ഇവരുടെ രീതി.
Read Also : രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു
രണ്ടാഴ്ച മുൻപ് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീട്ടിൽ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മതിൽ ചാടിക്കടന്ന ശേഷം പൂട്ടു പൊട്ടിച്ച് മോഷണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കരുനാഗപ്പള്ളി അസിസ്സ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എഎസ്ഐമാരായ നൗഷാദ്, നിസ്സാമുദീൻ, സിപിഓമാരായ ഹാഷിം, സിദ്ദിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments