തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കരുവന്നൂർ ബാങ്കിലേത് അടക്കമുളള വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിലുളള സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തിൽ അമിത്ഷാ ഇടപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകാരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖ ഉറപ്പാക്കാൻ റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ഭരണാധികാരികൾ അതിനെ പ്രതിരോധിക്കുകയാണ് ചെയ്തത്. ഇതെല്ലാം അഴിമതി മറച്ചുവെക്കാൻ ആണെന്നാണ് ബിജെപി ആരോപണം. അതേസമയം, മന്ത്രി ആർ ബിന്ദുവും ഇന്നലെ ഫിലോമിനയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന് പറഞ്ഞത് തെറ്റായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മന്ത്രി കുടുംബത്തോട് പറഞ്ഞു.
പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി ബാക്കി നൽകാനുളള തുകയുടെ കാര്യത്തിൽ മുൻഗണന തരാമെന്ന് പറഞ്ഞതായും ഫിലോമിനയുടെ കുടുബം പറഞ്ഞു. ഫിലോമിനക്ക് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വാദം. തൃശൂർ മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സാ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്.
ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണസമിതി നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണം, പ്രവാസിയായ ഭര്‍ത്താവിന്റെ പണം അടക്കം 30 ലക്ഷം രൂപയായിരുന്നു ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്.
നാലര ലക്ഷത്തോളം രൂപ മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. ഇത് ചികിത്സയുമായി ബന്ധപ്പെട്ടല്ലെന്നും അതിന് മുമ്പുതന്നെ കിട്ടിയതാണെന്നും ഫിലോമിനയുടെ ബന്ധുക്കൾ മന്ത്രിയെ അറിയിച്ചു. ‘കോടികൾ വരാനുണ്ട്, അതിൽ മുൻഗണന തരാം’ എന്ന് മന്ത്രി പറഞ്ഞതായും കുടുബം പറഞ്ഞു.
Post Your Comments