കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര ശക്തമായ കോൺഗ്രസ് കോട്ടയാണെന്നും കോൺഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു ഉപതെരഞ്ഞെടുപ്പെന്നും പി രാജീവ് പറഞ്ഞു. അവിടെ അവർ തോറ്റിരുന്നുവെങ്കിൽ ഇതിനകം യു.ഡി.എഫ് തരിപ്പണമായേനെയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
‘കോൺഗ്രസിന്റെ കോട്ടയായ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. അത് രാഷ്ട്രീയമായി ശരിയായിരുന്നു. എൽ.ഡി.എഫ് വോട്ടു വിഹിതം കുറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കു തെറ്റു പറ്റിയെന്ന വിമർശനത്തിൽ കാര്യമുണ്ടെന്നു പറയാം. എങ്കിലും ചില വിഭാഗങ്ങളിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാനായില്ലെന്നതു സമ്മതിക്കുന്നു.
പിന്നെ ഉപതെരഞ്ഞെടുപ്പുകൾക്കു പതിവിലേറെ മാധ്യമ ശ്രദ്ധ കിട്ടും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലോക്കൽ റാലിയിൽ പ്രസംഗിച്ചാൽ ഹൈ വോൾട്ടേജ് പ്രചാരണം എന്നു വിമർശിക്കും, എന്നാൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി കുടുംബ യോഗത്തിൽ പങ്കെടുത്താൽ മാധ്യമങ്ങളുടെ പ്രശംസയാണ് കിട്ടുക. അതാണ് വ്യത്യാസം’- പി രാജീവ് പറഞ്ഞു.
Post Your Comments