കണ്ണൂർ: തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിൻറെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.
ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ കേസെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിൻറെ വാഗ്ദാനം.
എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോൾ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്. തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടങ്ങിയത്.
ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. അബിനാസിന് നേരിട്ട് പണം നൽകുന്ന വർക്ക് 50 ശതമാനം ലാഭം നൽകുമെന്നും വാഗ്ദാനം ചെയ്യാറുണ്ട്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13- ആമത്തെ ദിവസം 1,30,000രൂപ ലഭിക്കും. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് കൃത്യമായി മുതൽ മുടക്കും ലാഭവും നൽകിയിരുന്നു. ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി. 100 കോടിക്കടുത്ത് രൂപ നിക്ഷേപം ലഭിച്ചതോടെയാണ് ഈ തിങ്കളാഴ്ച അബിനാസ് മുങ്ങിയത്.
മുങ്ങിയ ദിവസവും ഒരാളിൽ നിന്ന് 40 ലക്ഷം രൂപ നിക്ഷേപമായി അബിനാസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകർക്ക് അബിനാസ് നൽകിയ മുദ്ര പേപ്പറുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും ഒരു ലക്ഷം മുതൽ ഒരു കോടി വരെ നിക്ഷേപിച്ചവർ ഉണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ വീട്ടുകാർക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ല.
ഇത്രയും ചെറിയ ചെക്കന്റെ കൈവശം ഇത്രയധികം തുക എന്ത് ധൈര്യത്തിലാണ് നിങ്ങൾ നൽകിയത് എന്നാണ് വീട്ടുകാർ ചോദിക്കുന്നത്. ഈ കുടുംബത്തിനെ ബുദ്ധിമുട്ടിക്കുന്നതിൽ നാട്ടുകാരും ഇപ്പോൾ ഇടപെടുന്നുവെന്നാണ് വിവരം. അബിനാസിൻറെയോ കൂട്ടുകാരുടെയോ തട്ടിപ്പിൽ ഒരു തരത്തിലും പങ്കില്ലാത്ത വീട്ടുകാരെ ഇതിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Post Your Comments