
വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ യുവതിയുടെ കുറ്റസമ്മതം. ആൺകുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചു. പോക്‌സോ നിയമപ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. അന്വേഷണവുമായി സ്വപ്ന സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കുട്ടിയോടൊപ്പം ജീവിക്കാനും ശാരീരിക ബന്ധം തുടരാനുമുള്ള ഉദ്ദേശത്തോടെയാണ് യുവതി കുട്ടിക്കൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 15 വയസുകാരൻ സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, പിന്നീട് കുട്ടിയെ കാണാതായി. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടെ സ്വപ്നയേയും കാണാനില്ലെന്ന് കാട്ടി സ്വപ്നയുടെ ഭർത്താവും പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പോലീസ് കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതിക്ക് ആൺകുട്ടിയുമായി ശാരീരിക അടുപ്പം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി. കുട്ടിയെ കണ്ടെത്തിയതിന്റെ സമാധാനത്തിലാണ് മാതാപിതാക്കൾ. എന്നാൽ, പോലീസ് പറയുന്നത് ഞെട്ടലോടെയാണ് സ്വപ്നയുടെ ഭർത്താവും രണ്ട് മക്കളും കേട്ടത്. സ്വപ്നയെ കാണാതെ ആശങ്കപ്പെട്ടിരുന്ന ഭർത്താവിനോട് ഭാര്യയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തെന്നായിരുന്നു പോലീസ് വന്ന് പറഞ്ഞത്. അപ്രതീക്ഷിതമായ സംഭവങ്ങളുടെ ഞെട്ടലിലാണ് സ്വപ്നയുടെ കുടുംബം.
Post Your Comments