ഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം ബുധനാഴ്ച ലോക്സഭയിൽ അറിയിച്ചു. 2015നും 2022നും ഇടയിൽ 376 ഉരുൾപൊട്ടലുകകൾ നടന്ന പശ്ചിമ ബംഗാളാണ് ഉരുൾപൊട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.
അടുത്ത കാലത്തായി രാജ്യത്ത് വർധിച്ചുവരുന്ന ഉരുൾപൊട്ടലുകളും അവയ്ക്കുള്ള കാരണങ്ങളും സർക്കാർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ഭൗമ ശാസ്ത്ര-ശാസ്‌ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖനി മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്,ഐ ) ഈ കാലയളവിൽ രാജ്യത്ത് നടന്ന 3,782 വലിയ ഉരുൾപൊട്ടലുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഉരുൾപൊട്ടലുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ, ഉരുൾപൊട്ടലിനുള്ള പ്രധാന കാരണം ഉയർന്ന തോതിലുള്ള മഴയാണെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.
Post Your Comments