ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. പാട്ട് ഹിറ്റായതോടെ പാട്ടിന് പിന്നിലെ ‘അവകാശി’കളെ കുറിച്ചും ചർച്ചകൾ നടക്കുന്നു. മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ പാടുന്ന പാട്ടാണ് ‘ആയേ ദാമാലോ’ എന്ന് സാമൂഹിക പ്രവർത്തകയായ ധന്യ രാമൻ പറയുന്നു. കാലങ്ങൾ കഴിയുമ്പോൾ ഇത് ഒരു ക്രിസ്ത്യൻ പാട്ടായി ആയിരിക്കും അറിയപ്പെടാൻ പോകുന്നതെന്നും ധന്യ ചൂണ്ടിക്കാട്ടി.
ധന്യ രാമന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കടുവയിലെ “പാലാ പള്ളി” പാട്ടിനെ കുറിച്ച് ചർച്ചകളും വിവാദങ്ങളും തുടരുകയാണ്.. മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ” ൽ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്… ഈ പാട്ടിനെ വരികൾ മാറ്റി സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കിയാണ് കടുവയിൽ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങൾ കഴിയുമ്പോൾ ഇത് ഒരു ക്രിസ്ത്യൻ പാട്ടായി ആയിരിക്കും അറിയപ്പെടാൻ പോകുന്നത്. ഇത് കാരണം അടിസ്ഥാന വർഗ്ഗത്തിൻ്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നില നിർത്തി കാലാവശേഷമാകും.
മുൻപ് “അത്തിന്തോം തിന്തിന്തോം”എന്ന നാടൻപാട്ട് മലയാളിയായ ഒരു നാടൻപാട്ട് ഗവേഷകനിൽ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്. മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം Sp യെ കൊണ്ടാണ് പാടിപ്പിച്ചത്.. പിന്നീട് കേസ് ആയി… അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീർത്തത്… (ആ ഗായകൻ ഈ post ന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു) “പാലാ പള്ളി” ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഈ മാസം അഞ്ചിന് പുറത്തിറങ്ങിയ പാട്ടിന് എട്ട് മില്ല്യണിലധികം കാഴ്ചക്കാരേയാണ് സ്വന്തമാക്കിയിരിക്കുന്നത്. സോൾ ഓഫ് ഫോക് ആണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുൽ നറുകര ആലപിച്ച ഗാനം തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
Post Your Comments