KeralaLatest NewsIndia

ഓണവില്പന ലക്ഷ്യമിട്ട് മാഹിയില്‍ നിന്ന് ഒരു ‘ബാര്‍’ തന്നെ കടത്തി: പിടിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന മദ്യം

വാടാനപ്പള്ളി: മാഹിയില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന 3600 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ പിടികൂടി അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു ഓപ്പറേഷൻ. തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്പറ വില്ലേജില്‍ വിജയമ്മ ടവറില്‍ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കല്‍ വില്ലേജില്‍ കൗസ്തുഭം വീട്ടില്‍ സജി (51) എന്നിവരെയാണ് മദ്യം കടത്തിയിരുന്ന വാഹനം സഹിതം ചേറ്റുവയില്‍നിന്ന് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

അമ്പതുലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് ഇവരില്‍നിന്ന് പിടികൂടിയത്. സംസ്ഥാനത്ത് പോലീസ് നടത്തിയ വലിയ വിദേശമദ്യവേട്ടകളില്‍ ഒന്നാണിത്. ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്‍പ്പന ഉദ്ദേശിച്ചാണ് മദ്യം കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഒരു ബാർ തന്നെ നടത്താനുള്ള മദ്യമാണ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രത്യേക പോലീസ് സംഘവും വാടാനപ്പള്ളി പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷൻ ആയിരുന്നു ഇത്. മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തികസഹായം നല്‍കുന്നവരെക്കുറിച്ചും പ്രതികളില്‍നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷ്, തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്‍ സി.പി.ഒ. മനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button