ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം പള്ളിമുക്ക് കൈലാത്ത് വീട്ടിൽ അനു (36), ഭാര്യ അശ്വതി (28), മകൾ അനാമിക (8), അശ്വതിയുടെ സഹോദരി കൊല്ലം പള്ളിമുക്ക് ഗോപാലശേരി ചരുവിള പുത്തൻവീട്ടിൽ അഞ്ജു (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്വതിയുടെയും അനുവിന്റെയും പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച്ച വൈകുന്നേരം 4.45ന് ദേശീയപാതയിൽ വെറ്റമുക്കിന് വടക്കുവശത്ത് വച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും ഇന്ധനം നിറച്ച് കൊല്ലം പാരിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്, കാറിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്കു ഗുരുതരമായിരുനാൽ ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പൊലീസും ഫയർഫോഴ്സും ചേർന്നാണ് റോഡിൽ കിടന്നിരുന്ന കാർ നീക്കിയത്. അതേസമയം, ടാങ്കർ ലോറിയുടെ ഡ്രൈവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ചവറ കെഎംഎംഎൽ കമ്പനിയുടെ ഉൾപ്പെടെ നാല് ക്രെയിൻ എത്തിയാണ് മൂന്നു മണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ ടാങ്കർ ലോറി ഉയർത്തിയത്. നാലു മണിക്കൂറോളം ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു.
കരുനാഗപ്പള്ളി തഹസീൽദാർ ഷിബു. പി, ചവറ സർക്കിൾ ഇൻസ്പെക്ടർ വിപിൻ, ചവറ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ്-ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ടാങ്കർ ലോറി ഉയർത്തിയത്. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരുടെ പങ്കാളികളായിരുന്നു.
Post Your Comments