ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനായി ഒന്നിച്ച് പ്രതിപക്ഷ എംഎൽഎമാരും. നടന്നത് വ്യാപക ക്രോസ് വോട്ടിംഗ്. 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. അതേസമയം മൂന്ന് സംസ്ഥാനങ്ങൾ മുഴുവൻ വോട്ടുകളും മുർമുവിന് നൽകി. ആന്ധ്രാപ്രദേശ്, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ വോട്ടുകളും ദ്രൗപതി മുർമുവിന് നൽകിയത്. ആന്ധ്രാപ്രദേശിൽ ആകെ 173 വോട്ടുകളാണ് ഉണ്ടായിരുന്നത്.
ഇത് മുഴുവനായും ദ്രൗപദി മുർമുവിന് ലഭിച്ചു. ഇതിലൂടെ 27,507 വോട്ട് മൂല്യമാണ് മുർമുവിന് ലഭിച്ചത്. സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് പോലും അസാധുവായില്ല. നാഗാലാൻഡിലെ 59 വോട്ടുകളും മുർമുവിന് ലഭിച്ചു. 531 ആണ് ഈ വോട്ടുകളുടെ മൂല്യം. സംസ്ഥാനത്ത് നിന്നുള്ള ഒരു വോട്ട് പോലും അസാധുവായില്ല. സമാനമായ രീതിയിൽ സിക്കിമിൽ നിന്നുള്ള 32 വോട്ടുകളും ദ്രൗപദി മുർമുവിന് ലഭിച്ചു.
മുർമുവിന് മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് പോലും ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന കേരളത്തിൽ നിന്നും ഒരു വോട്ട് മുർമുവിന് ലഭിച്ചു. മുർമുവിന് ഏറ്റവും കുറവ് വോട്ട് ലഭിച്ച സംസ്ഥാനം ആണ് കേരളം. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 64 കാരിയായ ദ്രൗപതി മുർമു രചിച്ചത് പുതു ചരിത്രമായി. ഇന്ത്യയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗ വിഭാഗത്തിലെ സ്ത്രീയാകും ദ്രൗപതി മുർമു.
ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടു വരുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നതിൽ തർക്കമില്ല. ആദ്യ ദളിത് രാഷ്ട്രപതി വഴി ദളിത് വിഭാഗവുമായി കൂടുതല്‍ അടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
Post Your Comments