ഡൽഹി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകൾ നൽകി സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ വ്യവസായി റോബർട്ട് വാദ്ര. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് സംസാരിക്കവെയാണ് റോബർട്ട് വാദ്ര ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും റോബർട്ട് വാദ്ര ആരോപിച്ചു. ‘ഈ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിച്ച ഒരു ബി.ജെ.പി നേതാവിന്റെ പേര് എന്നോട് പറയൂ. തങ്ങളുടെ നയങ്ങളിൽ രാജ്യം അസന്തുഷ്ടരാണെന്ന് ബി.ജെ.പിക്ക് തോന്നുമ്പോഴെല്ലാം അവർ ഗാന്ധി കുടുംബത്തെ വിഷമിപ്പിക്കാൻ ആരംഭിക്കുന്നു. ഈ രാജ്യത്ത് ഒരു മാറ്റത്തിന്റെ ആവശ്യകതയുണ്ട്. രാജ്യത്ത് ആവശ്യമായ മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെന്ന് ആളുകൾക്ക് തോന്നുന്നുവെങ്കിൽ, ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും,’ റോബർട്ട് വാദ്ര പറഞ്ഞു.
ജി.എസ്.ടിയിൽ ജനങ്ങൾ അതൃപ്തരായതിനാലാണ് ഇപ്പോൾ ഇഡി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ, ആദായനികുതി വകുപ്പിനെക്കാൾ വ്യവസായികൾക്ക് നോട്ടീസ് ലഭിക്കുന്നത് ഇഡിയിൽ നിന്നാണെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു. അതേസമയം, പ്രതിപക്ഷ നേതാക്കൾക്കെതിരായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതായി ആരോപിച്ച് കേന്ദ്രസർക്കാരിനെ, വ്യാഴാഴ്ച കോൺഗ്രസ് ശക്തമായ വിമർശനമുന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
Post Your Comments