ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അന്തിമഘട്ടത്തിലേക്ക് ഇന്ത്യൻ വംശജൻ ഋഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും മാത്രം. കൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. സെപ്തംബർ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ജയിച്ചാൽ വെള്ളക്കാരനല്ലാത്ത ആദ്യ ബ്രീട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്. പതിനൊന്ന് പേർ മത്സരിച്ച ബ്രിട്ടനിലെ പ്രധാനമന്ത്രി പദത്തിലേക്ക് ധനകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് എത്തിയത് ഏറെ ആവേശത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
കൺസർവേറ്റീവ് പാർട്ടിയിലെ 137 എംപിമാരുടെ പിന്തുണ നേടിയാണ് അന്തിമഘട്ടത്തിലേക്ക് ഒന്നാമനായി ഋഷി സുനക് എത്തിയത്. വിദേശകാര്യ മന്ത്രി ലിസ് ട്രസുമായാണ് ഋഷി സുനക് അന്തിമഘട്ടത്തിൽ മാറ്റുരയ്‌ക്കുന്നത്. 113 എംപിമാരുടെ പിന്തുണ നേടിയാണ് ലിസ് ട്രസ് അവസാന റൗണ്ടിലെത്തിയത്. 105 എംപിമാരുടെ മാത്രം പിന്തുണ നേടിയ വാണിജ്യ മന്ത്രി പെന്നി മോഡൗണ്ട് അവസാനഘട്ടത്തിൽ പുറത്തായി. മുസ്ലിം മതമൗലിക സംഘടനകളുമായുള്ള ബന്ധമാണ് അവസാനഘട്ടത്തിൽ പെന്നിക്ക് വിനയായത്.
ബ്രീട്ടിഷ് സർക്കാരിന്റെ ജാഗ്രതാ ലിസ്റ്റിലുള്ള മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറൽ സാറാ മുഹമ്മദുമായി പെന്നി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച പഴയ ട്വീറ്റ് വീണ്ടും ചർച്ചയായതോടെ പെന്നി അവസാനഘട്ടത്തിൽ താഴെ വീണു. ഇതിനു ശേഷമാണ് അവസാന റൗണ്ടിൽ ഋഷിയും ലിസ് ട്രസും മാത്രമായത്. ഒരു ലക്ഷത്തി അറുപതിനായിരം വരുന്ന ടോറി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഇവരിൽ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. ആ കടമ്പ അത്ര നിസാരവുമല്ല. ബോറിസ് ജോൺസന്റെ ഏറ്റവും അടുത്ത അനുയായി കൂടിയായ ഋഷി സുനകിന്റെ രാജിയാണ് ബോറിസിന്റെ പ്രധാനമന്ത്രി പദം തെറിപ്പിച്ചത്.
തന്നെ കൈപിടിച്ചുയർത്തിയ നേതാവിനെ പിന്നിൽ നിന്ന് കുത്തിയ രാഷ്‌ട്രീയക്കാരൻ എന്ന അപവാദമാണ് ടോറി അംഗങ്ങളുടെ ഇടയിൽ ഋഷി സുനക് നേരിടുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ നികുതി വർദ്ധനവും, വിലക്കയറ്റവും ധനമന്ത്രിയായിരുന്ന ഋഷി സുനക് നേരിടേണ്ട മറ്റൊരു പ്രധാന വെല്ലുവിളിയാണ് . എന്നാൽ നേരിട്ട് ജനങ്ങളെ ബാധിക്കാത്ത വിദേശകാര്യ വകുപ്പാണ് എതിരാളിയായ ലിസ് ട്രസ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് പാർട്ടി അംഗങ്ങളുടെ ഇടയിലും ജനങ്ങളുടെ ഇടയിലും ട്രസിന് അവമതിപ്പില്ല. ഇത് അന്തിമഘട്ടത്തിൽ നിർണ്ണായകമായേക്കാം.
Post Your Comments