കൊച്ചി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഇറിഡിയം ഇടപാട്. സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധര്‍മപുരി ജില്ലാ പൊലീസ് മേധാവി കലൈസെല്‍വന്‍ അറിയിച്ചു. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ശിവകുമാര്‍ (50), തിരുവനന്തപുരം കുന്നുകുഴി ഷൈന്‍ വില്ലയില്‍ നെവില്‍ ജി.ക്രൂസ് (58) എന്നിവരെയാണു 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേര്‍ന്ന റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇറിഡിയം വില്‍ക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത പൊലീസ് ഇതില്‍ നിന്നു നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂര്‍ മുന്‍പു സേലം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ നിന്ന് ഇറങ്ങി കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഇറിഡിയം നല്‍കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി.
Post Your Comments