
സേലം: ധര്‍മപുരിക്ക് സമീപം രണ്ട് മലയാളികളെ റോഡിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി ഷൈന്‍വില്ലയില്‍ നെവില്‍ ഗ്രിഗറി ക്രൂസ്(58) എന്നിവരാണ് മരണപ്പെട്ടത്.
സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിലാണ് സേലത്ത് എത്തുന്നത്. സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ വനമേഖലയിലുള്ള ക്രഷര്‍ യൂണിറ്റിനു സമീപം രണ്ടിടങ്ങളിലായാണ് ഇവരുടെ മതദേഹം കിടന്നിരുന്നത്. സ്ഥലത്ത് നിന്നും അൽപ്പം മാറി ഇവർ സഞ്ചരിച്ച കാറുമുണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാറില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തി. ഇതോടെയാണ് ഇരുവരെയും പൊലീസിന് തിരിച്ചറിയാൻ സാധിച്ചത്. ഇരുവരുടെയും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറയുന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ധര്‍മപുരി എസ്.പി. സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ധര്‍മപുരി ജില്ലാശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും. വരാപ്പുഴയില്‍ വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് ശിവകുമാര്‍. ഭാര്യ: വിനീത. മക്കള്‍: ദേവിപ്രിയ, വിഷ്ണുനാഥ്, വിജയ്‌നാഥ്, വിശ്വനാഥ്.
സുജയാണ് നെവിലിന്റെ ഭാര്യ. അമ്മ: ഗ്ലാഡിസ്.
Post Your Comments