ലക്‌നൗ: ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ ദേശീയപതാക സ്‌നേഹം വെറും കപടതയാണെന്ന വിമർശനവുമായാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്. ആഗസ്റ്റ് 9 മുതല്‍ 15 വരെ ജനങ്ങളോട് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ആഗസ്റ്റ് 11 മുതല്‍ 17 വരെ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന മുദ്രാവാക്യത്തോടെ ‘സ്വാതന്ത്ര്യ വാരം’ ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ ആഹ്വാനം.
‘രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും ഇല്ലാത്തവര്‍ രാജ്യസ്‌നേഹത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യ സമരവുമായി വിദൂരബന്ധം പോലുമില്ലാത്ത ബിജെപി രക്തസാക്ഷികള്‍ക്ക് എന്ത് ബഹുമാനമാണ് നല്‍കുന്നത്? ബി.ജെപിക്കും അതിന്റെ മാതൃസംഘടനയായ ആര്‍.എസ്.എസിനും ദേശീയ പതാകയോട് ഒരു ബഹുമാനവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം’- അഖിലേഷ് പറഞ്ഞു.
‘എന്തുകൊണ്ടാണ് ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്തത്? ബി.ജെ.പിയും ആര്‍.എസ്.എസും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം പടര്‍ത്തുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് ഒരാഴ്ച്ചമുമ്പുള്ള ദിവസങ്ങള്‍ രക്തസാക്ഷികള്‍ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ആദരവ് അര്‍പ്പിക്കുന്നതിനായി സമര്‍പ്പിക്കും’- അഖിലേഷ് പറഞ്ഞു.
Post Your Comments