ചവറ സൗത്ത്: കായലിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം അമ്പാടിയിൽ കൃഷ്ണൻകുട്ടി പിള്ള(70 )യാണ് മരിച്ചത്.
പറമ്പിൽ നിന്നിരുന്ന തേങ്ങ ഇട്ടത് കായലിൽ വീണിരുന്നു. തേങ്ങ എടുക്കാൻ വള്ളത്തിൽ പോകുന്നതിനിടയിലാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴം കൂടുതലും ചെളിയും ഉള്ളതിനാൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ചവറ ഫയർഫോഴ്സും കൊല്ലത്തു നിന്നുള്ള സ്ക്യൂബ ടീമും നടത്തിയ പരിശോധനയിലാണ് കായലിൽ നിന്ന് കൃഷ്ണൻകുട്ടി പിള്ളയെ കണ്ടെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചവറ ഫയർഫോഴ്സ് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ വാലൻറൈൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സഞ്ജയൻ, ഫയർഫോഴ്സ് സേനാംഗങ്ങളായ അനന്തകൃഷ്ണൻ, ഗോപകുമാർ, ഗിരീഷ് കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചവറ തെക്കുംഭാഗം പൊലീസും സ്ഥലത്തുണ്ടായിരുന്നു.
ഭാര്യ: ശോഭ. മക്കൾ: തങ്കം മോൾ (ജിഎംഎൽപിഎസ്, മുകുന്ദപുരം), ഹരീഷ് (ചെന്നൈ) മരുമക്കൾ: രവീന്ദ്രലാൽ (ടികഐം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എഴുകോൺ), മിനി.
Post Your Comments