ജിദ്ദ: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി അറേബ്യ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന നിലയിൽ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകുന്നുവെന്ന് സൗദി വ്യക്തമാക്കി.
1944 ലെ ഷിക്കാഗോ കൺവൻഷന് കീഴിലുള്ള ബാധ്യതകൾ നിറവേറ്റാനുള്ള രാജ്യത്തിന്റെ താത്പര്യത്തിന്റെ ഭാഗമായാണ് നടപടി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന് മുന്നോടിയായാണു സിവിൽ ഏവിയേഷൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗദി സന്ദർശനത്തിനെത്തുന്ന ജോ ബൈഡൻ സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്.
ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കും. യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ജോ ബൈഡൻ സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തുന്നത്. രണ്ടു ദിവസത്തേക്കാണ് സന്ദർശനം. അതേസമയം, ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളും ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തുടങ്ങിയവരും പങ്കെടുക്കും.
Read Also: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments