മുംബൈ: ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന കേസ് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് ഒത്തുതീർപ്പാക്കുകയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരിയും, യുവതിയും കോടതിയെ സമീപിച്ചത്. എന്നാൽ, ഡിഎൻഎ ഫലം പുറത്തുവിടാനുള്ള നടപടി ക്രമങ്ങൾക്കിടെയാണ് ഒത്തുതീർപ്പിനായി ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡിഎൻഎ പരിശോധനാ ഫലം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുൻപ് നടന്ന വാദങ്ങൾ കൂടി പരിഗണിച്ചാകും കോടതിയുടെ അന്തിമ വിധി. കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് കേസ് ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. എന്നാൽ, വിവാഹം കഴിഞ്ഞെന്ന് യുവതി പറഞ്ഞിരുന്നു.
ഉച്ചയോടെയാകും അപേക്ഷയിൽ കോടതി തുടർ വാദം കേൾക്കുക. 36ാമത്തെ കേസ് ആയിട്ടാണ് കോടതി അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള വ്യവസ്ഥകൾ അറിയിക്കാൻ കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇരുവരും വ്യവസ്ഥകൾ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ഭാവികാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ ഒത്തുതീർപ്പിന് കോടതി അനുമതി ലഭിക്കൂ. ക്രിമിനൽ കേസ് ആയതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ വാദം കേൾക്കൽ ഏറെ നിർണ്ണായകമാണ്.
Post Your Comments