Latest NewsIndia

ദേശീയ പതാക മാലിന്യക്കൂമ്പാരത്തില്‍! സല്യൂട്ട് നല്‍കി തിരിച്ചെടുത്ത് പൊലീസുകാരന്‍, അഭിനന്ദനവുമായി നേരിട്ടെത്തി മേജർ രവി

എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമൽ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക മടക്കി എടുത്തത്.

ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശ്മശാനത്തിനു സമീപമുള്ള സ്ഥലത്താണ് ടിപ്പറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. സംഭവം ആദ്യം കണ്ട നാട്ടുകാരിലാരോ പതാകകള്‍ നിവര്‍ത്തി ഇട്ടിരുന്നു. വിവരമറിഞ്ഞ് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി. ജീപ്പില്‍ നിന്നും ഇറങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാലിന്യ കൂമ്പാരത്തിനടുത്തേക്ക് വന്നു. ദേശീയ പതാക കണ്ടതോടെ പെട്ടെന്ന് അറ്റന്‍ഷനായി ഒരു കിടിലന്‍ സല്യൂട്ട് നല്‍കുകയായിരുന്നു.

പൊലീസ് സംഘത്തിലെ അമൽ ടി.കെ. എന്ന സിവിൽ പോലീസ് ഓഫീസറാണ് സല്യൂട്ട് ചെയ്തത്. ഇതോടെ പൊലീസുകാരന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു. അമല്‍ ടി.കെയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ഫെയ്‌സ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.

മേജർ രവിയുടെ വീഡിയോ ഇങ്ങനെ,

‘ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ ആവേശത്തിലാക്കും. പത്രങ്ങളില്‍ നിന്ന് വാര്‍ത്ത കണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ ദേശീയപതാകയെ ആരും അപമാനിക്കരുതെന്ന് കരുതിയാണ് അദ്ദേഹം അത് തിരിച്ചെടുത്തത്. ആ മനുഷ്യനെ കാണാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ എപ്പോഴും ചെറുപ്പക്കാരോട് പറയാറുണ്ട്, രാഷ്ട്രീയത്തേക്കള്‍ വലുത് രാഷ്ട്രമാണെന്ന്. ഞാന്‍ നിങ്ങളോട് പറയുന്നു ഇയാളെ കണ്ട് പഠിക്കണം.

ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഇതുപോലുള്ള പ്രവൃത്തികളാണ് നാമെല്ലാവരും ചെയ്യേണ്ടത്. എന്റെ പതാക എന്റെ അഭിമാനം, ഈ മണ്ണുണ്ടെങ്കിലെ നിങ്ങള്‍ ഉണ്ടാകൂ. നിങ്ങള്‍ ആ മണ്ണിനെ സംരക്ഷിക്കണം. അതിന് പോലീസുകാരനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പോലീസുകാരന്‍ ഒരു മാതൃകയാകട്ടെ’- മേജര്‍ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button