പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ സിംഹങ്ങളെ ചൊല്ലി പ്രതിപക്ഷ – ഭരണപക്ഷ തർക്കം. ഇതിനിടെ, പുതിയ അശോക സ്തംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എം.എ ബേബി. ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങൾ ആണ് പുതിയ രൂപത്തിൽ ഉള്ളതെന്നും ഇന്ത്യൻ പാർലമെന്റിനുവേണ്ടി ഉണ്ടാക്കുന്ന പുതിയ കെട്ടിടത്തിന്റെ മുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ എന്നും നിലകൊണ്ട മഹാനായ കലാകാരൻ നന്ദലാൽ ബോസ് ആണ് സാരനാഥിലെ അശോകസ്തംഭത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി 1947ൽ ഇന്ത്യയുടെ ദേശീയചിഹ്നം രൂപകൽപ്പന ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യയുടെ ചിഹ്നം എടുത്തുമാറ്റിക്കൊണ്ടാണ് ഇന്ത്യൻ യൂണിയന്റെ അടയാളമായി ഈ രൂപം സ്ഥാപിക്കപ്പെട്ടത്.
അർത്ഥവത്തായ ഒരു കലാസൃഷ്ടിയാണ് അശോകസ്തംഭത്തിൽ കാണാനാവുന്നത്. ശക്തി, ധീരത, ആത്മവിശ്വാസം, അഭിമാനം എന്നിവയെ ഈ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നു. താഴെ ധർമചക്രവും. അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന സിംഹങ്ങളുടെ കലാചാതുരിയില്ലാത്ത ഈ വികലാനുകരണം ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. അശോകസ്തംഭത്തെയും ഇന്ത്യയുടെ ഔദ്യോഗികചിഹ്നത്തെയും മോദി അപമാനിക്കുകയാണ്.ദേശീയപതാക പോലെ വളരെ പ്രധാനപ്പെട്ട ഒരു അടയാളമാണിത്. എന്തെങ്കിലും രാജ്യസ്നേഹം ഉള്ളവർ ഈ ചിഹ്നത്തെ ഇങ്ങനെ അനാദരിക്കില്ല. 2005ലെ ഇന്ത്യയുടെ ദേശീയ ചിഹ്നം നിയമപ്രകാരം ഈ വികലമാക്കൽ കുറ്റകരമാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുവേണ്ടി ഉണ്ടാക്കുന്ന പുതിയ കെട്ടിടത്തിന്റെ മുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം എടുത്തു മാറ്റണം.
Post Your Comments