CinemaMollywoodLatest NewsKeralaNewsEntertainment

ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു: ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവതയുടെ സഹോദരൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ പരോക്ഷ വിമർശനവുമായി അതിജീവതയുടെ കുടുംബം. സ്വന്തം വ്യക്തിത്വഹത്യക്ക് പകരമായി, അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും ആകാം അവരെ പ്രലോഭിപ്പിക്കുന്നതെന്ന് അതിജീവതയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും കുടുംബം പറയുന്നു.

അതിജീവതയുടെ സഹോദരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആത്മഹത്യകള്‍ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച്, പറഞ്ഞുപോയ വാക്കുകള്‍കൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ… അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരുപക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ഇതോടെ, ശ്രീലേഖയെ വിമര്‍ശിച്ച് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ രംഗത്തെത്തി. സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ശ്രീലേഖയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button