ന്യൂഡല്‍ഹി: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. സുപ്രധാന കേസുകളില്‍ വിധി ഇന്ന് പറയും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോംബെ സ്‌ഫോടനപരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹര്‍ജിയും സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജിയും ഇന്ന് സുപ്രീം കോടതിക്ക് മുന്നിലെത്തും.
വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. സുപ്രീം കോടതിയുത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ ഡോളർ വകമാറ്റിയതിന് വിജയ് മല്യ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് 2017 മെയ് മാസം കണ്ടെത്തി. ബാങ്കുകളുടെ കൂട്ടായ്മ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. യു.കെയിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഹാജരാക്കണമെന്ന് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പലതവണ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കൈമാറ്റ നടപടികൾ ഇഴയുന്ന സാഹചര്യത്തിൽ വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങാൻ കോടതി തീരുമാനിക്കുകയായിരുന്നു.
അധോലോക നേതാവ് അബു സലേമിന്റെ ഹർജിയിൽ ജസ്റ്റിസ് എസ്.കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. 1993ലെ ബോംബെ സ്‌ഫോടനപരമ്പരക്കേസിൽ മുംബൈയിലെ പ്രത്യേക ടാഡ കോടതി 2017ൽ അബു സലേമിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഭീമ കൊറേഗാവ് കേസിൽ സ്ഥിര ജാമ്യം അനുവദിക്കണമെന്ന തെലുഗ് കവി വരവരറാവുവിന്റെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
Post Your Comments