തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ കായികതാരം പി.ടി ഉഷയെ രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ഇടത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ശ്രീജിത്ത് പണിക്കർ. പി.ടി ഉഷയുടെ ഷൂവിലൊന്ന് തൊടാന്‍ യോഗ്യതയില്ലാത്തവർ വിമര്‍ശിക്കാൻ നിൽക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ ശ്രീജിത്ത് വ്യക്തമാക്കിയത്.
Also Read:യൂട്യൂബ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കാം
ഒരു കായികതാരമെന്ന നിലയില്‍ പി.ടി.ഉഷയുടൈ യോഗ്യത, ഒരു രാജ്യസഭാ അംഗമാകാനുള്ള പി.ടി.ഉഷയുടെ യോഗ്യത, ഒരു എംഎല്‍എ എന്നനിലയില്‍ കെ.കെ.രമയുടെ യോഗ്യത എന്നിവയെല്ലാം അളക്കാനുള്ള ശ്രമമാണ് സിപിഎമ്മില്‍ നിന്നും നാം ഇപ്പോള്‍ കണ്ടതെന്ന് സിപിഎം നേതാവ് എളമരം കരീമിന്റെ പ്രസംഗത്തെ ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ പറഞ്ഞു. തീവ്രത അളക്കുന്നതിന് പരിഹാസ്യമായ ഒരു പാര്‍ട്ടി അതില്‍ നിന്നു വഴുതി യോഗ്യത അളക്കുന്നതിലേക്ക് മാറിയത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ:
സി.പി.എം നേതാവ് എളമരം കരീമിന്റെ പ്രസംഗത്തില്‍ കെ.കെ.രമ എം.എല്‍.എയ്‌ക്കെതിരെയുള്ള വിമര്‍ശനത്തില്‍ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ഉയര്‍ത്തുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടിയെന്ന ‘വലിയ’ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് ലഭിച്ച പാരിതോഷികമാണ് അവരുടെ എം.എല്‍.എ സ്ഥാനം, രണ്ടാമത്, ഒരു വലിയ വെല്ലുവിളിയാണ് ഇവര്‍ സി.പി.എമ്മിനെതിരെ നടത്തുന്നത് എന്നു പറയുന്നു. മൂന്ന്, ഈ എം.എല്‍.എ സ്ഥാനമെന്നത് വലിയ സംഭവമൊന്നുമില്ലെന്നതാണ് ആരോപണം.
ഒറ്റുകൊടുത്തതിന് പാരിതോഷികം ലഭിച്ചു എന്നു പറയുന്നത് ഒട്ടും മനസ്സിലാകുന്നില്ല. ഒറ്റുകൊടുത്തതിന്, യു.ഡി.എഫ് ഒഞ്ചിയത്തെ വീട്ടില്‍ കൊണ്ടുപോയി പാരിതോഷികമായി കൊടുത്തതാണോ എം.എല്‍.എ സ്ഥാനം? കരീമിനെപോലെ മുൻപ് മന്ത്രിയായിരുന്ന, പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അംഗമായ ആള്‍ ഇത്തരത്തിലാണോ ചിന്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം വടകരയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ ‘വലിയ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥി അവിടെ മത്സരിച്ചിരുന്നില്ല. പകരം ജെ.ഡി.എസ്സിനോ മറ്റോ ആണ് ആ സീറ്റ് കൊടുത്തത്. അത് രമയുടെ കുറ്റമല്ല, ഇടതുമുന്നണിയുടെ പോരായ്മയായിരുന്നു.
രമ എങ്ങനെയാണ് നിയമസഭയിലെത്തിയത്? ഏതെങ്കിലും ഒരു ക്ലീനിംഗ് സ്റ്റാഫിനെ മണിയടിച്ച് ഉള്ളില്‍ കയറി സഭാ ടീവിയുടെ ഓഫീസില്‍ അല്പനേരം ചിലവഴിച്ച ശേഷം നിയമസഭയിലേക്ക് ഒരു ഊടുവഴി കണ്ടെത്തി ഒളിച്ചുകടന്നയാളല്ല രമ. നമ്മുടെ സമ്പ്രദായ പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനാധിപത്യപരമായ രീതിയില്‍ വോട്ട് നേടി ജയിച്ച് സഭയിലെത്തിയയാളാണ് രമ. അതിനെ എങ്ങെനെയാണ് നിങ്ങള്‍ പാരിതോഷികമായി കാണുന്നത്. ആരെങ്കിലും എം.എല്‍.എ സ്ഥാനം കെ.കെ.രമയ്ക്ക് പാരിതോഷികമായി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഇന്നാട്ടിലെ ജനങ്ങളാണ്. അത് എളമരം കരീം തിരിച്ചറിയണം.
വര്‍ഗ്ഗ ശത്രുക്കളുമായി ചേര്‍ന്ന് രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചു എന്നാണ് ആരോപണം. രമയും ഒരു കമ്യൂണിസ്റ്റും മാര്‍ക്‌സിസ്റ്റുമാണ്, സഖാവുമാണ്. രാഷ്ട്രീയമായി വെല്ലുവിളിക്കുന്നതില്‍ ജനാധിപത്യത്തില്‍ എന്താണു കുഴപ്പം?. നാട്ടിലുള്ള എല്ലാ ആള്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിനീത വിധേയരായി, ദാസ്യരായി കഴിയണമെന്നാണോ കരീം ഉദ്ദേശിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്‍ രാഷ്ട്രീയമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചയാളാണ്. എന്താണ് റെവലൂഷണറി എന്നാണ് കരീം ചോദിക്കുന്നത്. എന്ത് റെവലൂഷണറി പ്രവര്‍ത്തനമാണ് ചന്ദ്രശേഖരന്‍ നടത്തിയതെന്നാണദ്ദേഹത്തിന്റെ സംശയം. അദ്ദേഹം നടത്തിയ റെവലൂഷണറി പ്രവര്‍ത്തനത്തിന്റെ കൃത്യമായ ദൃഷ്ടാന്തമാണദ്ദേഹത്തിന്റെ മരണം. ചന്ദ്രശേഖരന്‍ പ്രാദേശികമായി ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളിയെ നേരിടാന്‍ കഴിയാത്ത ചില ഭീരുക്കള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. എന്നിട്ട് ഇന്ന് എന്താണ് റെവലൂഷണറി എന്ന് നമ്മോട് ചോദിക്കുകയാണ്. റെവലൂഷന്‍ എന്താണെന്നും റെവലൂഷണറി എന്താണെന്നും കൃത്യമായി ആ പ്രസ്ഥാനത്തില്‍ കരീമിനുള്‍പ്പടെ മുന്നില്‍ നിന്ന് നയിക്കുന്ന എല്ലാവര്‍ക്കുമറിയാം.
എം.എല്‍.എ സ്ഥാനം വലിയ സ്ഥാനമാണെന്ന് ആരും അഹങ്കരിക്കേണ്ട എന്നാണ് മറ്റൊരു ഭീഷണി. വലിയ സ്ഥാനമല്ലെങ്കില്‍, ഉറപ്പാണ് 100, സെഞ്ച്വറി അടിക്കും എന്നൊക്കെ പറഞ്ഞ് തൃക്കാക്കരയില്‍ വലിയതോതില്‍ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്തിനുവേണ്ടിയാണ്. 99ല്‍ നിന്ന് 100ലേക്ക് പോകാന്‍ നിങ്ങള്‍ക്ക് അധികമായി വേണ്ടിയിരുന്നത് ഒരു എം.എല്‍.എയെയായിരുന്നു. എം.എല്‍.എ സ്ഥാനം ചെറുതായിരുന്നെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നോ? സജി ചെറിയാന്റെ കാര്യം നോക്കൂ, അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുന്നു. എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് സി.പി.എമ്മിന്റെ തീരുമാനമെന്ന് മാധ്യമങ്ങള്‍ പറയുന്നു. അപ്പോള്‍ എം.എല്‍.എ എന്നത് എന്തോ കാര്യമുള്ള ഒരു സ്ഥാനമാണല്ലോ. മന്ത്രി സ്ഥാനം ത്യജിക്കുന്ന ഒരാള്‍ക്കുപോലും വിട്ടുകൊടുക്കാന്‍ കഴിയാത്ത ഒരു സ്ഥാനമാണല്ലോ എം.എല്‍.എ സ്ഥാനം. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ വോട്ട് നേടി, ഒരു വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിലെത്തുന്നവരാണ് എം.എല്‍.എയാകുന്നത്. അങ്ങനെ ജയിച്ചുവരുന്നയാളിനെ അംഗീകരിക്കാന്‍ നിങ്ങള്‍ പഠിക്കണം. ഒരു വര്‍ഷം കഴിഞ്ഞു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. ഇപ്പോഴും വടകരയിലെ ജനങ്ങളുടെ ജനാധിപത്യപരമായ തീരുമാനത്തെ അംഗീകരിക്കാന്‍ സി.പി.എം തയ്യാറല്ല എന്നാണതിന്റെയര്‍ത്ഥം. ജനാധിപത്യമെന്നത് കുന്തമോ, കൊടച്ചക്രമോ ഭരണഘടനയുടെ വശത്ത് എഴുതിയിരിക്കുന്നതോ അല്ലെന്ന് കരീമിനെ പോലുള്ളവര്‍ മനസ്സിലാക്കണം. ഇവിടെ സി.പി.എം ചെയ്യുന്നത് ജനങ്ങളുടെ തീരുമാനത്തെ അവഹേളിക്കുകയും ആ സ്ഥാനം മോശമാണെന്ന് പറയുകയുമാണ്. വെല്ലുവിളിക്കരുതെന്ന് സി.പി.എം പറയുന്നത് ഏറ്റവും വലിയ ഫാസിസമാണ്. വെല്ലുവിളിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പരസ്പര ബഹുമാനത്തോടെ നടത്തുന്ന ചര്‍ച്ചകളില്‍പോലും നാം വെല്ലുവിളിക്കാറുണ്ട്. വെല്ലുവിളി എന്നത് രാഷ്ട്രീയമായ വെല്ലുവിളിയാണ്. അതിന് മറുപടി പറയേണ്ടത് വാളുകൊണ്ടോ കത്തികൊണ്ടോ അല്ല. വെല്ലുവിളിക്കുപകരം കൊലവിളിയല്ല നടത്തേണ്ടത്.
‘ആള്‍ക്കാര്‍ക്ക് വിവരമുണ്ടായതിനാല്‍ പഴയതുപോലെ നമ്പരുകളൊന്നും ഏല്‍ക്കുന്നില്ലെന്ന്’ സന്ദേശം എന്ന സിനിമയിലെ സംഭാഷണമുണ്ട്, അതുപോലെയാണ് ഇന്ന് ശാസ്ത്രസാങ്കേതിക മേഖലയിലുള്ള വളര്‍ച്ചയും ബാധിക്കുന്നത്. എന്തുനടത്തിയാലും പറഞ്ഞാലും ജനങ്ങളിലേക്ക് അതെത്താനുള്ള പലവഴികളുണ്ട്. മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗം എങ്ങനെയാണ് പുറത്തേക്കു പ്രചരിച്ചത്, മറ്റുള്ളവര്‍ക്ക് ലഭിച്ചത് എന്നതിനെ കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്നാണ് അറിയുന്നത്. തെറ്റായിട്ടൊരു കാര്യം നടന്നാല്‍ ആ തെറ്റുതിരുത്താനുള്ള നടപടി സ്വീകരിക്കേണ്ടവര്‍ ആ തെറ്റു പുറത്തേക്ക് പ്രചരിക്കാനെന്താണ് കാരണം, ആരാണ് ചോര്‍ത്തിക്കൊടുത്തത്, അതന്വേഷിക്കാം എന്നരീതിയില്‍ ചിന്തിക്കുന്നു എന്നു പറയുന്നത് ജനാധിത്യത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്.
പി.ടി.ഉഷ ഏഷ്യാഡിനു പുറത്തും യോഗ്യത തെളിയിച്ചു എന്നാണ് കരീം പറഞ്ഞത്. അത് ഒരര്‍ത്ഥത്തില്‍ വളരെ ശരിയാണ്. ഏഷ്യാഡിന് പുറത്താണ് ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക്‌സും ഒക്കെയുള്ളത്. അവിടെയെല്ലാം യോഗ്യത തെളിയിച്ച പ്രതിഭയാണ് ഉഷ. ഇവിടെയൊക്കെ മത്സരിക്കണമെങ്കില്‍ പോലും യോഗ്യതാ മാനദണ്ഡം മറികടന്നാല്‍ മാത്രമേ കഴിയുകയുള്ളൂ. എളമരം കരീം ഓര്‍ക്കേണ്ടത് ഗോള്‍ഡണ്‍ ഗേള്‍ എന്നോ, പയ്യോളി എക്‌സ്പ്രസ് എന്നോ ഇന്ത്യയുടെ ട്രാക്ക് ആന്റ് ഫീല്‍ഡിലെ റാണിയെന്നോ ഒക്കെ അറിയപ്പെടാന്‍ കാരണം തന്നെ അവരുടെ യോഗ്യതയാണ്. ഉഷ ഏഷ്യാഡില്‍പോയി മത്സരിച്ച് മെഡല്‍നേടി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ് ചെയ്തത്. അല്ലാതെ അവിടെ പോയി സമരം ചെയ്ത് ഏഷ്യാഡ് പൂട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നങ്കില്‍ ഞങ്ങള്‍ സ്വീകരിക്കാം എന്നാണോ കരീമിന്റെ വാദം?. എളമരം കരീം സി.പി.എമ്മിലെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന കാലത്ത് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വനിതയാണ് പി.ടി.ഉഷ. ഒരു പക്ഷേ സച്ചിന് മുൻപേ രാജ്യസഭയില്‍ എത്തേണ്ടിയിരുന്നയാളാണ് ഉഷയെന്നു പറയുന്നതാണ് ശരി. വര്‍ഷങ്ങളുടെ സേവനം, കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന സുദീര്‍ഘമായ പ്രവര്‍ത്തനം. ഈ രാജ്യത്തിന്റെ ദേശീയപതാകയേന്തി ലോകമെങ്ങും യശസ്സ് ഉയര്‍ത്തിയ വനിതയാണവര്‍. ഒരു സംഘത്തെ നയിച്ച് ദേശീയ പതാകയേന്താന്‍ രാജ്യം തെരഞ്ഞെടുക്കുന്നത് തന്നെ വലിയ യോഗ്യതയുള്ളതിനാലാണ്. കഴിഞ്ഞ വര്‍ഷം ആദ്യമായി സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി, ദേശീയപതാക കൈകൊണ്ടു തൊടുന്നവര്‍ക്ക് അത് പറയാനുള്ള യോഗ്യതയൊന്നുമില്ല. വന്ദിച്ചില്ലെങ്കിലും നിങ്ങള്‍ നിന്ദിക്കരുതെന്ന് മാത്രമാണ് എളമരം കരീമിനോട് പറയാനുള്ളത്.
ഇന്ത്യയുടെ അഭിമാനപാത്രമായിട്ടുള്ള, ഇന്ത്യയുടെ എക്കാലത്തെയും ചരിത്രത്തില്‍ ശ്രഷ്ഠമായ സ്ഥാനമാണ് പി.ടി.ഉഷയ്ക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുൻപ്, ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത് നോര്‍മന്‍ റിച്ചാര്‍ഡ് എന്നയാള്‍ നേടിയ രണ്ടുവെള്ളിമെഡല്‍ ഇന്ത്യയുടെ അക്കൗണ്ടിലാണിപ്പോഴുമുള്ളത്. അതിനെക്കെ മുകളിലാണ് ഉഷയുടെ നേട്ടം. പരിമിതമായ സാഹചര്യത്തില്‍, കുറഞ്ഞ സൗകര്യങ്ങളില്‍ 1984ലെ ലോസ്‌ഏഞ്ചലസ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി.ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ടു എന്നത് പരമയോഗ്യതയാണ്. അവരുടെ മുന്നില്‍ ചെന്നു നില്‍ക്കാന്‍ യോഗ്യതയില്ലാത്തവര്‍, അവരുടെ ഷൂവിലൊന്ന് തൊടാന്‍ യോഗ്യതയില്ലാത്തയാള്‍ക്കാള്‍ വിമര്‍ശിക്കുന്നതിനെ പുച്ഛത്തോടയെ കാണാനാകൂ.
Post Your Comments