തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Read Also: ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാദ്ധ്യത പ്രവചിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ഒഡീഷയ്ക്കും ആന്ധ്രാപ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴക്ക് സാദ്ധ്യതയുണ്ട്.
കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 14-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും പ്രവചിക്കുന്നു.
Post Your Comments