ജംഷഡ്പുർ: പ്രണയം എതിർത്ത പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ, മകൾ ഉൾപ്പെടെ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ആദിത്യപൂരിൽ വ്യവസായിയായ കനയ്യസിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ്, മകള്‍ അപര്‍ണ (19), കാമുകൻ രാജ്‌വീര്‍ സിങ് (21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയ ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്‌മെന്റിൽ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ആദ്യം തന്നെ കനയ്യസിങ്ങിന്റെ മകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി.
ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി നീന്തൽക്കുളത്തിൽ ചാടി പ്രക്ഷോഭകർ: വീഡിയോ
അപര്‍ണയും രാജ്‌വീറും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തെ കനയ്യസിങ് എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന്, രാജ്‌വീറിന്റെ വീട്ടിലെത്തിയ കനയ്യസിങ് കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്‌വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. അതേസമയം, പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ മകൾ തയ്യാറാകാഞ്ഞതിനെ തുടർന്ന്, കനയ്യസിങ് മകൾക്ക് മറ്റ് വിവാഹാലോചനകളും ആരംഭിച്ചു.
ഇതോടെ പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, കാമുകന്റെ സഹായത്തോടെ നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന് പണം നൽകുന്നതിനായി, അപർണ തന്റെ വജ്രമോതിരവും രാജ്‌വീർ സിങ്ങിന് നൽകി. തുടർന്ന്, കനയ്യസിങ് പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപർണ ക്വട്ടേഷൻ സംഘത്തിനു വിവരം കൈമാറി.
അതേസമയം, കൊലപാതകത്തിനായി നടത്തിയ ആദ്യനീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്, പിന്നീട് അപ്പാർട്ട്മെന്റിൽ വച്ചുതന്നെ കൊലപ്പെടുത്താൻ സംഘം തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ പല സ്ഥലത്തായി ഒളിവിലായിരുന്നുവെന്നും കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും, വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിഫലമായി അപര്‍ണ നല്‍കിയ വജ്രമോതിരവും പണവും കണ്ടെത്തിയിട്ടുണ്ടെന്നും കേസിൽ പ്രതികളായ മറ്റ് രണ്ടു പേർ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments