കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനരോഷം വഷളായ സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഔദ്യോഗിക വസതി വിട്ടിരുന്നു. പ്രസിഡന്റ് മുങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി. വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ കുളത്തിൽ നീന്തുന്നതും അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെയും ഫോട്ടോയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതി വളഞ്ഞത്. രാജ്യത്തിന്റെ ദേശീയ പതാകകൾ വീശി പ്രതിഷേധക്കാരുടെ ഒരു കൂട്ടം തന്നെ കുളം വളഞ്ഞു. ഇതിനിടയിൽ, മറ്റു ചിലർ അടുക്കളയിൽ നിറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് പ്രസിഡന്റ് രാജപക്‌സെയെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.
പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറിയത്. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ പരുക്കേറ്റ 33 പേരെ ആശുപത്രിയിലേക്കുമാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കനത്ത സുരക്ഷാവിന്യാസമുള്ള വസതിക്ക് ചുറ്റും പ്രതിഷേധക്കാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
Post Your Comments