Latest NewsKeralaNews

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണ്ണയം വേണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർസോൺ നിർണ്ണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നു ശരിയായ രീതിയിൽ ബഫർസോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദ്ദമാണു കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വനമഹോത്സവം 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും സമതുലിതമായി മുന്നോട്ടു കൊണ്ടു പോകുന്ന നിലപാടാണു സർക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനു വേണ്ടി മറ്റൊന്നിനെ ബലി കൊടുക്കുന്ന നിലപാട് സ്വീകരിക്കില്ല. കേരളത്തിന്റെ ഒരു വശത്തു കടലും മറു വശത്തു മലകളുമാണ്. ഇതിനിടയിൽ ഇടയിൽ 44 നദികളും ഒട്ടേറെ നീർത്തടങ്ങളും ചേർന്ന് അതീവ പ്രത്യേകതയാർന്ന ഭൂപ്രകൃതിയുള്ള സംസ്ഥാനമാണു കേരളം. ബഫർസോൺ നിർണ്ണയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കുക, വിവിധ എക്സ്പേർട്ട് കമ്മിറ്റികളുടെ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേരളം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും വനമേഖലയാണെന്നും ഇത് നിലനിർത്താൻ സാധിക്കുന്നതു വനസംരക്ഷണ പ്രവർത്തനങ്ങളിലെ കേരളത്തിന്റെ ജാഗ്രതയാണ് കാണിക്കുന്നതെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. വന്യജീവി സംരക്ഷണത്തോടൊപ്പം വനമേഖലയിൽ മനുഷ്യന്റെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം നൽകുന്നതിനുള്ള സജീവ ഇടപെടൽ വനം വകുപ്പ് നടത്തുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനരേഖ വിവരിക്കുന്ന ‘കൈകോർത്ത് മുന്നോട്ട്’ എന്ന പുസ്തകം മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേർന്നു പ്രകാശനം ചെയ്തു.

നിയമസഭയിലെ ആർ. ശങ്കരനാരായണൻ നമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹിമാൻ, പി. പ്രസാദ്, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാൻ സിൻഹ, മുഖ്യ വനംമേധാവി ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button