തിരുവനന്തപുരം: മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി പ്രതിയുടെ കുടുംബം രംഗത്ത്. ഇന്നലെ രാത്രി 11.40-ഓടെയായിരുന്നു ശ്രീകാര്യം സ്വദേശി അജിത്ത് (37) ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് അജിത്തിന്റെ കുടുംബത്തിന്റെ ആരോപണം. അജിത്ത് കുമാർ അസുഖ ബാധിതനായിരുന്നില്ലെന്ന് മാതൃസഹോദരി പത്മിനി പറഞ്ഞു. പോലീസ് വീട്ടിലെത്തിയാണ് അജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നിന്ന് പോകും വരെ ശരീരത്തിൽ മുറിവോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും പോലീസ് അടിച്ചിട്ടുണ്ടാകുമെന്നും പത്മിനി പറയുന്നു.
അതേസമയം, വധശ്രമക്കേസിൽ അറസ്റ്റിലായ അജിത്തിന്റെ മരണകാരണം വൈറൽ അണുബാധയാണെന്നാണ് ഡോക്ടർമാരുടെ നിഗമനം. റിമാൻഡിൽ കഴിയവേ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജൂലൈ മൂന്നിനായിരുന്നു അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം നാലിന് പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് ആരോഗ്യനില വഷളായപ്പോൾ ജൂലൈ ആറിന് അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തതിന് മൂന്ന് ദിവസം മുമ്പ് അജിത്ത് വീണിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീഴ്ചയിലുണ്ടായ പരിക്ക് അണുബാധയ്ക്ക് കാരണമായെന്നും അത് മരണത്തിലേക്ക് നയിച്ചുവെന്നുമാണ് കരുതുന്നത്.
Post Your Comments