Latest NewsKeralaNews

കാലവർഷ ദുരന്തനിവാരണം: മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും

 

ആലപ്പുഴ: ജില്ലയിൽ കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിലവിൽ കടൽ ക്ഷോഭവും വെള്ളക്കെട്ടും ബാധിച്ച മേഖലകളിൽ സ്വീകരിച്ച ദുരന്ത നിവാരണ നടപടികൾ അവലോകനം ചെയ്ത യോഗത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

കടൽക്ഷോഭം ബാധിച്ച അമ്പലപ്പുഴ താലൂക്കിലെ നാലു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം. മുൻവർഷങ്ങളിൽ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടത്തുന്നതിനുള്ള തടസങ്ങൾ കണ്ടെത്തി പരിഹരിക്കണം. കുട്ടനാട്ടിലെ റോഡുകളിലെയും പാടശേഖരങ്ങളിലേയും ജലനിരപ്പ് കുറയ്ക്കുന്നതിന് ആവശ്യത്തിന് മോട്ടോറുകൾ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളയണം.

പമ്പ, അച്ചൻകോവിൽ ആറുകളുടെ തീരം ഇടിയുന്നത് തടയുന്നതിന് നടപടി സ്വീകരിക്കും. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കും വിളകൾക്കുമുണ്ടായ നാശത്തിന്റെ കണക്കെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കണം. സ്‌കൂളുകളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണം. ട്രോളിംഗ് നിരോധനത്തെത്തുടർന്ന് തൊഴിൽ രഹിതരായ മത്സ്യത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ യോഗത്തിൽ എ.എം ആരിഫ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, ദലീമ ജോജോ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടർ ഡോ. രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button