പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു എന്ന വാർത്ത ദുഃഖകരമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്കും വനം വകുപ്പിനും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സി.പി.ഐ.എം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിക്കുകയാണ്. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ സി.പി.ഐ.എം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
ഫോറസ്റ്റ് ഓഫീസറോട് ഇക്കാര്യം സംസാരിച്ചപ്പോൾ, റോഡിലൂടെ എന്തിനു നടക്കാനിറങ്ങി എന്നായിരുന്നു ചോദ്യമെന്ന് നാട്ടുകാർ പറയുന്നു.
പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്.
Post Your Comments