
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ സംസ്കാരം ഇന്ന്. ഇന്ന് രാവിലെ രാവിലെ 10 മണിക്ക് പൊതുദർശനം ആശുപത്രിയിൽ നടക്കും. പിന്നീട് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ വീട്ടിലും പൊതുദർശനം ഉണ്ടാകും. അതിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കുമെന്നാണ് വിവരം.
ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ രാഷ്ട്രീയ കേരളം അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമടക്കം രാഷ്ട്രീയ – സാസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അനുശോചനവുമായി രംഗത്തെത്തി.
ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായർ. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിദ്വേഷവും വെറുപ്പും വിഭാഗീയതയും രാഷ്ട്രീയ അജണ്ടയാക്കുകയും ഗാന്ധി നിന്ദ പതിവാകുകയും ചെയ്യുന്ന ഇക്കാലത്ത് പി. ഗോപിനാഥൻ നായരെ പോലൊരു തികഞ്ഞ ഗാന്ധിയന്റെ വിയോഗം നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശൂന്യതയുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു.
ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ഗോപിനാഥൻ നായർ രാത്രിയോടെയാണ് അന്തരിച്ചത്. വിദ്യാർത്ഥി കാലം മുതൽ ഗാന്ധിമാർഗത്തിലായിരുന്ന അദ്ദേഹത്തിന് 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
Post Your Comments