തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സജി ചെറിയാനും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കും ഇന്ത്യൻ ഭരണഘടനയിൽ അല്ല ചൈനീസ് ഭരണഘടനയിലാണ് വിശ്വാസമെന്ന് രമേശ് പരിഹസിച്ചു. വിശ്വാസമില്ലാത്ത ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
മന്ത്രി സജി ചെറിയാൻ രാജിവച്ചൊഴിയണമെന്നും അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. സജി ചെറിയാന്റെ പരാമർശത്തെ സി.പി.എം തള്ളിപ്പറയുമോയെന്നും രമേശ് ചോദിച്ചു.
എം.ടി. രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം;
മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണ്ണർക്ക് പരാതി നൽകി
സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന.
മന്ത്രി സജി ചെറിയാന് മാത്രമല്ല പാർട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂർഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാൻ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല.
കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണം.
Post Your Comments