കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി ജനപക്ഷം നേതാവ് പി.സി ജോർജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്നും കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിംഗപ്പൂരില്‍ നിന്ന് തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് കളളവണ്ടി കയറി വന്നവനാണ് ഫാരിസെന്നും 2004ല്‍ മലപ്പുറം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ വി.എസ് 11 ജില്ലകളിലും ഭൂരിപക്ഷം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
‘2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിർത്തിയ സ്ഥാനാർഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങൾക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തത് കൊണ്ടാണ് സി.പി.ഐ.എം ഇതെല്ലാം അവഗണിക്കുന്നത്’- പി.സി ജോർജ് പറഞ്ഞു.
‘ആറു വർഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്. എ.കെ.ജി സെന്‍റർ ആക്രമണത്തിൽ പ്രതികൾ ഏതെങ്കിലും സി.പി.ഐ.എം പ്രവർത്തകരുടെ മക്കളായിരിക്കും. പിണറായിയും കോടിയേരിയും ജയരാജനും അറിയാതെ എ.കെ.ജി സെന്‍റർ ആക്രമണം നടക്കില്ല. സംഭവത്തിന് പിന്നാലെ കലാപാഹ്വാനം നടത്തിയത് ഇ.പി ജയരാജനാണ്. തനിക്കെതിരെ കേസ് എടുത്ത പൊലീസ് ജയരാജനെതിരെ കേസെടുത്തില്ല’- പി.സി ജോർജ് കുറ്റപ്പെടുത്തി.
Post Your Comments