കൊച്ചി: കർണാടകയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പി.വി അൻവർ എം.എൽ.എയ്ക്കെതിരേയുള്ള തെളിവുകൾ പരാതിക്കാരൻ ഇ.ഡിക്ക് കൈമാറി. ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തിയാണ് കൈമാറിയത്.
മലപ്പുറം സ്വദേശിയായ സലിം എന്നയാളാണ് അൻവറിനെതിരേ ആരോപണവുമായി എത്തിയത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പത്ത് ലക്ഷം രൂപ അൻവർ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ബാങ്ക് വഴിയാണ് തന്റെ കയ്യിൽ നിന്നും അൻവർ പണം കൈപ്പറ്റിയത്.
2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളായാണ് പണം വാങ്ങിയതെന്നും സലീം പറഞ്ഞിരുന്നു.
തുടർന്ന്, ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുരോഗതിയുണ്ടായില്ല. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായി എന്നായിരുന്നു സലീമിന്റെ ആരോപണം.
അതേസമയം, തനിക്ക് പാറമട ഇടപാടിൽ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അൻവർ പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ തെളിവുകൾ പുറത്തെത്തിയതോടെ പാറമട ഇടപാടിൽ പങ്കില്ലെന്ന എം.എൽ.എയുടെ വാദം പൊളിയുകയും ചെയ്തിരുന്നു.
Post Your Comments