കോഴിക്കോട്: ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി വില്‍പ്പന നടത്തിയ 22കാരൻ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി മോട്ടി മഹലിൽ റോഷൻ (22) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.960 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. രാത്രി ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കഴിഞ്ഞ ദിവസം മാത്തോട്ടം സ്വദേശികളായ രണ്ടു പേരെ നഗരത്തിലെ ഹോട്ടൽ മുറിയിൽ നിന്ന് എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് റോഷനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കളിക്കാനെന്ന വ്യാജേന രാത്രി ടർഫുകൾക്ക് സമീപമെത്തി യുവാക്കളെ വലയിലാക്കുകയാണ് ഇയാളുടെ രീതി.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻഡി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Post Your Comments